
സഫോക്ക്: തടവുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ജയിൽ ഉദ്യോഗസ്ഥക്ക് 32 ആഴ്ച്ച തടവുശിക്ഷ വിധിച്ച് കോടതി. ഇംഗ്ലണ്ടിലെ സഫോക്കിലാണ് സംഭവം. സഫോക്കിലെ എച്ച്എംപി ഹൈപോയിന്റ് ജയിൽ ഉദ്യോഗസ്ഥയായ റെബേക്ക പിങ്കാർഡിനെയാണ് കോടതി ശിക്ഷിച്ചത്. ജയിലിൽ തടവിൽ കഴിയുന്ന ലഹരി ഇടപാടുകാരൻ എറിയോൺ നക്ഡിയുമായാണ് നാൽപ്പത്താറുകാരിയായ യുവതി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. റെബേക്ക പിങ്കാർഡിന്റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് യുവതിക്ക് വിനയായത്.
കേംബ്രിജ്ഷയറിലെ സിക്സ് മൈൽ ബോട്ടം സ്വദേശിനിയാണ് റെബേക്ക. 2024 ജൂലൈ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മേൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് റെബേക്ക പിങ്കാർഡിന്റെ ബോഡി ക്യാമറ പരിശോധിക്കുകയായിരുന്നു. രണ്ട് വിഡിയോ ക്ലിപ്പുകളിൽ തടവുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ മേലുദ്യോഗസ്ഥർ കണ്ടെത്തി. ഇവ തെളിവായി കോടതിയിൽ സമർപ്പിച്ചു.
പങ്കാളിയുമായുള്ള 19 വർഷം നീണ്ട ബന്ധം വേർപിരിഞ്ഞതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്തിൽ സംഭവിച്ചുപോയ തെറ്റെന്ന് റെബേക്ക കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥ നിരവധി തവണ തടവുകാരനുമായി ബന്ധം പുലർത്തിയതായും, മാസങ്ങളോളം നീണ്ടുനിന്ന ബന്ധമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥയുടെ പ്രവൃത്തി ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം തകർക്കുന്നതാണെന്നും കോടതി വിലയിരുത്തി. കോടതി വിധി കേട്ടതോടെ റെബേക്ക പിങ്കാർഡ് പൊട്ടിക്കരഞ്ഞു. കണ്ണീരോടെയാണ് റെബേക്കയെ ജയിലിലേക്ക് പോയത്.











